പല തലമുറകളുടെ പ്രതിനിധികളും പല ഭാവുകത്വഘട്ടങ്ങളെ സ്വാംശീകരിച്ചവരുമായ എഴുത്തുകാരുടെ വൈവിദ്ധ്യം നിറഞ്ഞ ശ്രേണി സമകാലിക ചെറുകഥയില്‍ സക്രിയമായി പ്രവര്‍ത്തിക്കുന്നു. വ്യത്യസ്ത തലമുറകളുടെയും വ്യതിരിക്തമായ ഭാവുകത്വങ്ങളുടെയും സങ്കലിതാവസ്ഥയാണ് സമകാലിക മലയാള ചെറുകഥയില്‍ തെളിഞ്ഞുനില്ക്കുന്നത്. അറുപതോ അറുനൂറോ ആറായിരമോ അല്ല, അതിലേറെ വൈവിദ്ധ്യം പുലര്‍ത്തുന്ന ജീവിതബിന്ദുക്കള്‍ ഈ ആറുപതിറ്റാണ്ടിനിടയില്‍ മലയാളചെറുകഥയില്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. ഈ വൈവിദ്ധ്യങ്ങളെയെല്ലാം പ്രതിനിധാനം ചെയ്യാന്‍ കഴിയുകയില്ലെങ്കിലും ഈ ആറുപതിറ്റാണ്ടിനിടയിലുണ്ടായ മലയാളചെറുകഥയുടെ പ്രസക്ത മുഖങ്ങള്‍ മിക്കതിനെയും പ്രതിനിധാനം ചെയ്യാന്‍ കാലം മറക്കാത്ത കഥകള്‍ക്ക് കഴിയും.