വി എസ് അജിത്തിന്റെ കഥകള്‍ നര്‍മ്മത്തിന്റെയും ശുദ്ധപരിഹാസത്തിന്റെയും സാമൂഹിക വിമര്‍ശനത്തിന്റെയും സാഹിത്യ ഭാഷയുടെ അഴിച്ചുപണിയലിന്റെയും ആസ്വാദ്യങ്ങളായ മിശ്രിതങ്ങളാണ്. നാഗരികരും അല്ലാത്തവരുമായ മണ്ണിലെ മനുഷ്യരുടെ ഔദ്യോഗികവും അനൗദ്യോഗികവുമായ ജീവിതങ്ങളാണ് അവയുടെ വിഷയം. അജിത്തിന്റെ മതേതരവും ജനാധിപത്യപരവുമായ മൂല്യവിചാരത്തിന്റെ അടിത്തറ അവയുടെ സാമൂഹ്യ ഇടപെടലിനെ ആക്ഷേപഹാസ്യത്തിനപ്പുറത്തുള്ള മാനങ്ങളിലേക്ക് നയിക്കുന്നു. സക്കറിയ
തെക്കന്‍ മലയാളത്തിന്റെ സാംസ്‌കാരിക സവിശേഷതകള്‍ നിറഞ്ഞ ഭാഷാ പ്രയോഗത്തിലൂടെ സൂക്ഷ്മമായ രാഷ്ട്രീയ വ്യവഹാരങ്ങള്‍ സാദ്ധ്യമാക്കുന്ന കഥകളാണ് വി എസ് അജിത്തിന്റേത്. സമൂഹത്തിലെ കെട്ടുകാഴ്ചകളെയും വരേണ്യതയെയും കശക്കിവിടുന്ന കഥയും ആഖ്യാനവും സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. ആണ്‍പെണ്‍ ബന്ധത്തില്‍ നാം ഒളിക്കാന്‍ ശ്രമിക്കുന്നതെന്താണോ, അവയെയെല്ലാം ആഴത്തിലുള്ള മനഃശാസ്ത്രധാരണയോടെ
മറനീക്കി കാണിക്കുകയാണ് കഥാകൃത്ത്.