Skip to main content
Malayatoor Ramakrishnan

1927 മെയ് 30 നു പാലക്കാട്ടെ പുതിയ കല്‍പ്പാത്തിയില്‍ പുതിയിടത്തുമഠത്തില്‍ ജനനം. അച്ഛന്‍ വിശ്വനാഥസ്വാമി, അമ്മ ജാനകിയമ്മ. എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ അച്ഛന്റെ മഠം. അവിടെ വളര്‍ന്നു. ആലുവ യു സി കോളേജില്‍നിന്നും ഇന്റര്‍മീഡിയറ്റ് പാസായി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍നിന്നും ബിരുദം. ലോ കോളേജില്‍നിന്നും ബി എല്‍ ബിരുദം. 1946-47 ല്‍ ആലുവ യു സി കോളേജില്‍ ഇംഗ്ലീഷ് ട്യൂട്ടറായിരുന്നു. പെരുമ്പാവൂര്‍, വടക്കന്‍ പറവൂര്‍, ആലുവ എന്നിവിടങ്ങളില്‍ വക്കീലായി. തുടര്‍ന്ന് രണ്ടുമാസം ബോംബെയിലെ ഫ്രീപ്രസ് ജേര്‍ണലില്‍ സബ് എഡിറ്ററായി പ്രവര്‍ത്തിച്ചു. 51 ല്‍ പാര്‍ട്ടി നിരോധിച്ചിരുന്ന കാലത്ത് ഇടതുപക്ഷം എന്ന വാരിക നടത്തി. 54 ല്‍ തിരു-കൊച്ചി അസംബ്ലി ഇലക്ഷനില്‍ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ചെങ്കിലും തോറ്റു. 56 ല്‍ മജിസ്‌ട്രേറ്റായി. 59 ല്‍ ഐ എ എസ് ലഭിച്ചു. സബ് കളക്ടര്‍, കളക്ടര്‍, ഡപ്യൂട്ടി സെക്രട്ടറി, റവന്യൂബോര്‍ഡ് മെമ്പര്‍, ഹരിജനക്ഷേമ വകുപ്പ് ഡയറക്ടര്‍, സിവില്‍ സപ്ലൈസ് ഡയറക്ടര്‍, ഭരണപരിഷ്‌കാരക്കമ്മിറ്റി സെക്രട്ടറി, വിജിലന്‍സ് സെക്രട്ടറി, ലേബര്‍ സെക്രട്ടറി, കെ എസ് ആര്‍ ടി സി ജനറല്‍ മാനേജര്‍, വ്യവസായ വകുപ്പ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. റവന്യൂബോര്‍ഡ് മെമ്പറും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുമായിരിക്കുമ്പോള്‍ ഐ എ എസില്‍നിന്നും (റിട്ടയര്‍ ചെയ്യാന്‍ വീണ്ടും അഞ്ച് വര്‍ഷം) വിടവാങ്ങി.
ഏഴുവര്‍ഷത്തോളം ലളിതകലാ അക്കാദമി ചെയര്‍മാനായിരുന്നു. 
വേരുകള്‍ സാഹിത്യ അക്കാദമി അവാര്‍ഡും യന്ത്രം വയലാര്‍ അവാര്‍ഡും സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം അവാര്‍ഡും നേടി. യക്ഷി, പൊന്നി എന്നീ നോവലുകള്‍ ചലച്ചിത്രമായി. ചെമ്പരത്തി, ചായം, ഗായത്രി, പഞ്ചമി, ലക്ഷപ്രഭു, അയ്യര്‍ ദ ഗ്രേറ്റ് എന്നീ ചലച്ചിത്രങ്ങള്‍ക്ക് സ്‌ക്രിപ്റ്റ് എഴുതി. അഞ്ചുസെന്റ് വിവിധ ഇന്ത്യന്‍ഭാഷകളിലേക്ക് പരിഭാഷ ചെയ്തിട്ടുണ്ട്. വേരുകള്‍, യക്ഷി എന്നിവ ഇംഗ്ലീഷില്‍ വന്നിട്ടുണ്ട്. 20 നോവലുകള്‍, 13 ചെറുകഥാ സമാഹാരങ്ങള്‍, പരിഭാഷകള്‍ ഉള്‍പ്പെടെ നിരവധി കൃതികള്‍ രചിച്ചു. 1997 ഡിസംബറില്‍ അന്തരിച്ചു.
ഭാര്യ : സി കൃഷ്ണവേണി
മക്കള്‍ : വിശ്വനാഥന്‍, ശോഭ

Books Published by Author