Skip to main content
Mahmood saeed

ഇറാഖി അറബി നോവലിസ്റ്റ്, ചെറുകഥാകൃത്ത്. 1939 ല്‍ മൊസൂളില്‍ ജനനം. ഇരുപതിലേറെ അറബി നോവലുകളുടേയും കഥാസമാഹാരങ്ങളുടേയും കര്‍ത്താവ്. ഇറാഖ്, മൊറോക്കോ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്. ഇറാഖിലെ എല്ലാ ഭരണകൂടങ്ങള്‍ക്കും അനഭിമതനായതിനെത്തുടര്‍ന്ന് ആറ് തവണ തടവിലാക്കപ്പെട്ടു. 1980 ല്‍ സദ്ദാം ഹുസൈന്റെ ആ ഭരണ കാലത്ത് തടവില്‍ കിടന്ന അനുഭവങ്ങള്‍ വിവരിക്കുന്ന അനല്ലദീ റആ (സദ്ധാം സിറ്റി) എന്ന നോവലാണ് സഈദിന്റെ മാസ്റ്റര്‍ പീസ് ആയി കരുതപ്പെടുന്ന കൃതി. മിക്കവാറും കൃതികള്‍ ഇറാഖില്‍ പ്രസിദ്ധീകരിക്കുവാന്‍ സാധിക്കാത്തതിനാല്‍ മറ്റു രാജ്യങ്ങളിലായിരുന്നു അച്ചടിമഷി പുരണ്ടത്. തൊണ്ണൂറുകളില്‍ യു എ ഇയില്‍ പബ്ലിക് റിലേഷന്‍സ് മാനേജര്‍ ആയിരുന്ന സഈദ് 1999 മുതല്‍ അമേരിക്കയിലാണ് താമസം. ഇപ്പോള്‍ ഷിക്കാഗോയിലെ ഡീപോള്‍ സര്‍വ്വകലാശാലയില്‍ അറബി സാഹിത്യ അദ്ധ്യാപകന്‍. പ്രമുഖ കൃതികള്‍: സന്‍ക ബിന്‍ ബര്‍ക (ബിന്‍ ബര്‍ക തെരുവ്), ബനാത് യഅഖൂബ് (ജേക്കബിന്റെ  പെണ്‍മക്കള്‍), സുലാസിയത് ഷിക്കാഗോ (ഷിക്കാഗോ നോവല്‍ത്രയങ്ങള്‍), ഹല്‍ ഇന്‍തഹത് അല്‍ഹര്‍ബ്? (യുദ്ധം അവസാനിച്ചോ?), ഫൂഹ ഫില്‍ ഫദാ (ശൂന്യതയിലേക്കൊരു പേടകം). അവസാന കൃതി ഈ വര്‍ഷം പുറത്തിറങ്ങിയ ലസ്ത അല്‍അവ്വല്‍ (ഒന്നാമന്‍ നിങ്ങളല്ല). 2014 ആഗസ്തില്‍ കേരള സാഹിത്യ അക്കാദമി തൃശൂരില്‍ സംഘടിപ്പിച്ച അറബിമലയാളം അന്താരാഷ്ട്രാ സാഹിത്യ സമ്മേളനത്തില്‍ ആദരിക്കപ്പെട്ട അറബി എഴുത്തുകാരില്‍ ഒരാളായിരുന്നു മഹ്മൂദ് സഈദ്.
 

Books Published by Author