ബൂര്‍ഷ്വാസി, അതിനു പ്രാബല്യം ലഭിച്ച പ്രദേശങ്ങളിലെല്ലാംതന്നെ, എല്ലാ ഫ്യൂഡല്‍, 'പാട്രിയാര്‍ക്കല്‍' (ഗോത്രാധിപത്യ), അകൃത്രിമ ഗ്രാമീണബന്ധങ്ങള്‍ക്കും അറുതിവരുത്തി. മനുഷ്യനെ അയാളുടെ 'സ്വാഭാവികമേലാളന്മാരു'മായി കൂട്ടിക്കെട്ടിയിരുന്ന നാടുവാഴിത്തച്ചരടുകളുടെ നൂലാമാലയെ അതു നിഷ്‌കരുണം കീറിപ്പറിച്ചു. മനുഷ്യനും മനുഷ്യനും തമ്മില്‍, നഗ്നമായ സ്വാര്‍ഥമൊഴികെ, ഹൃദയശൂന്യമായ 'റൊക്കം പൈസ'യൊഴികെ, മറ്റൊരു ബന്ധവും അതു ബാക്കിവച്ചില്ല. മതത്തിന്റെ പേരിലുള്ള ആവേശത്തിന്റെയും നിസ്വാര്‍ഥമായ വീരശൂരപരാക്രമങ്ങളുടെയും, മൂഢമതികളുടെ വികാരപരതയുടെയും ഏറ്റവും ദിവ്യമായ ആനന്ദനിര്‍വൃതികളെ അതു സ്വാര്‍ഥപരമായ കണക്കുകൂട്ടലിന്റെ മഞ്ഞുവെള്ളത്തിലാഴ്ത്തി. വ്യക്തിയോഗ്യതയെ അതു വിനിമയമൂല്യത്തില്‍ അലിയിച്ചു. അലംഘനീയങ്ങളായ അസംഖ്യം പ്രത്യേകാവകാശങ്ങളുടെ സ്ഥാനത്ത് അത് ഹൃദയശൂന്യമായ ഒരൊറ്റ അവകാശത്തെ--സ്വതന്ത്രവ്യാപാരത്തെ--പ്രതിഷ്ഠിച്ചു. ഒറ്റവാക്കില്‍ പറഞ്ഞാല്‍, മതപരവും രാഷ്ട്രീയവുമായ വ്യാമോഹങ്ങളുടെ തിരശീലകൊണ്ടുമൂടിയ ചൂഷണത്തിനു പകരം നഗ്നവും നിര്‍ലജ്ജവും പ്രത്യക്ഷവും മൃഗീയവുമായ ചൂഷണം അതു നടപ്പാക്കി.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക