അടഞ്ഞ ഒരു സമൂഹമായി ചൈനയെ കണ്ടിരുന്നൊരു കാലമുണ്ടായിരുന്നു. വന്‍മതിലിനുള്ളില്‍ നടക്കുന്നതൊക്കെയും അജ്ഞാതമാണെന്ന് മുദ്രകുത്തപ്പെട്ടിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയായി ചൈന കുതിച്ചുയര്‍ന്നപ്പോള്‍ മുതലാളിത്തലോകം അന്ധാളിച്ചു. ദങ് സിയാവോപിങ് 1980 കളുടെ മദ്ധ്യത്തോടെ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ചൈനയെ മാറ്റിത്തീര്‍ത്തു. സോഷ്യലിസ്റ്റ് കമ്പോളമോയെന്ന് വിമര്‍ശകര്‍ അത്ഭുതം കൂറി. എന്നാല്‍, ചൈനയ്ക്കിണങ്ങുംവിധമുള്ള സോഷ്യലിസ്റ്റ് നിര്‍മ്മിതിയില്‍ അവര്‍ ഉറച്ചുനിന്നു. സകല മേഖലകളിലും പുരോഗതി കൈവരിക്കാന്‍ ചൈനയ്ക്കായി. ഇന്ന് ആളുകള്‍ സ്വതന്ത്രമായി പോയിവരുന്ന ഒരിടമാണ് ചൈന. ചൈനയുമായി വ്യാപാര - സാംസ്‌കാരിക വിനിമയങ്ങള്‍ പുരാതന കാലം മുതല്‍ക്കേ നിലനിന്നിരുന്ന കേരളത്തിലെ ചിന്നക്കട എന്ന പ്രദേശത്തുനിന്നും ഒരു യുവതി ചീനയിലേക്കു നടത്തിയ യാത്രയാണീ പുസ്തകത്തില്‍. ചീനയുടെ ചരിത്രത്തിലേക്കും രാഷ്ട്രീയത്തിലേക്കും സാമൂഹിക ചലനങ്ങളിലേക്കും ഇറങ്ങിച്ചെല്ലുന്ന ഈ ചെറു യാത്രാ പുസ്തകം നിങ്ങള്‍ക്ക് പുത്തന്‍ വായനാനുഭവമായിരിക്കും തന്നു പോകുന്നത്.