ആയിരത്തിയെണ്ണൂറ്റി അന്‍പത്തിയേഴില്‍ മായൂരം സാമുവല്‍ വേദനായകം പിള്ള തമിഴില്‍ എഴുതിയ പുസ്തകമാണ് പ്രതാപമുതലിയാര്‍ ചരിത്രം. ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ പ്രത്യേകിച്ചും തമിഴില്‍ പ്രസിദ്ധീകൃതമായ ആദ്യത്തെ നോവല്‍ എന്ന സ്ഥാനവും ഈ കൃതിക്കുണ്ട്. തെലുങ്കില്‍ ഇതിനെത്തുടര്‍ന്ന് 1880 ല്‍ ആദ്യ നോവലായ വീരേശലിംഗം പത്തുലുവിന്റെ രാജശേഖര ചരിത്രം പ്രസിദ്ധീകരിക്കപ്പെട്ടു. മലയാളത്തിലെ ആദ്യനോവലായ കുന്ദലത, അപ്പുനെടുങ്ങാടി എഴുതി 1887 ല്‍ പ്രസിദ്ധീകൃതമായി.
തമിഴിലെ ആദ്യനോവല്‍ എന്നതു മാത്രമല്ല പ്രതാപമുതലിയാര്‍ ചരിത്രത്തിന്റെ പ്രസക്തി. പ്രതിപാദനത്തിന്റെയും പ്രതിപാദ്യത്തിന്റെയും സവിശേഷത വായനക്കാരന്റെ സാഹിതീയവും മാനുഷികവുമായ ചോദനകളെ തൃപ്തിപ്പെടുത്തുന്നു. ജ്ഞാനാംബാളിന്റെയും പ്രതാപമുതലിയാരുടെയും ജീവിതത്തിലൂടെ ഒരു കുടുംബത്തിന്റെയും സമൂഹത്തിന്റെയും ചരിത്രം ഈ കൃതി വിവരിക്കുന്നു. സ്‌നേഹത്തിന്റെയും വിശുദ്ധിയുടെയും അടിസ്ഥാനത്തില്‍ ജീവിതത്തിന് ദാര്‍ശനികമാനം നല്കുന്ന ഈ കൃതി വൈയക്തിക മൂല്യങ്ങളുടെ ഈടുവയ്പു കൂടിയാണ്.
ആദ്യകാല മലയാള നോവലുകള്‍ അവയുടെ തനിമ നിലനിര്‍ത്തിക്കൊണ്ട് പഠനങ്ങളോടുകൂടി ചിന്ത പ്രസിദ്ധീകരിച്ചിരുന്നു. 15 ആദ്യകാല നോവലുകളുടെ പരമ്പര 'നോവല്‍പഴമ' എന്ന പൊതുശീര്‍ഷകത്തിലാണ് പുറത്തുവന്നത്. അതേ പ്രതിബദ്ധതയോടെ എം ഫിലിപ്പ് പരിഭാഷ നിര്‍വ്വഹിച്ച പ്രതാപമുതലിയാര്‍ ചരിത്രം ഞങ്ങള്‍ വായനക്കാരുടെ മുന്‍പില്‍ അവതരിപ്പിക്കുന്നു. സ്വീകരിക്കും എന്ന വിശ്വാസത്തോടെ.