ചെറുകഥയുടെ സാമ്പ്രദായിക രീതിശാസ്ത്രങ്ങളെ നിരാകരിക്കുന്ന സി വി ബാലകൃഷ്ണന്റെ
കഥകള്‍ ജീവിത വ്യവഹാരങ്ങളിലെ
നിഗൂഢതകളെ സ്വാഭാവികമാം
വിധത്തില്‍ പരിശോധനയ്ക്കു വിധേയമാക്കുന്നു.
നമുക്കേറെ പരിചിതമായ ജീവിതത്തിന്റെ
ഉള്ളുകള്ളികളെ സംബന്ധിച്ച്
സവിശേഷമായ
ചില തിരിച്ചറിവുകള്‍ നല്‍കുന്ന ഇത്തരം
കഥകള്‍ ചെറുകഥാ മണ്ഡലത്തിലെ
സുവര്‍ണ്ണ മുദ്രകളാണ്.
സി വി ബാലകൃഷ്ണന്റെ കഥകളുടെ സമാഹാരമാണ് ഈ കൃതി. പരമ്പരാഗത കഥാ സങ്കല്പങ്ങളെ കീറി മുറിക്കുന്ന കഥകളാണീ പുസ്തകത്തില്‍. ഏതു ജീവിത സന്ദര്‍ഭത്തെയും ചേതനാനിര്‍ഭരമായ കഥാരൂപമായി വികസിപ്പിക്കാന്‍ സി വി ബാലകൃഷ്ണനുള്ള കഴിവ് സുവിദിതമാണ്. ഭരണകൂടത്തിന്റെ സുദൃഢമായ സൂക്ഷ്മരൂപമാണ് കുടുംബം. കുടുംബം എന്ന് നാം വ്യവഹരിക്കുന്ന സംവിധാനത്തിനുള്ളില്‍ അരങ്ങേറുന്ന സംഘര്‍ഷങ്ങള്‍ ബാലകൃഷ്ണന് പ്രിയപ്പെട്ട വിഷയമായിത്തീരുന്നത് സ്വാഭാവികമാണ്. മനുഷ്യന്‍ എന്ന ആശയനിര്‍മ്മിതിയുടെ സൂക്ഷ്മരൂപങ്ങളെപ്പറ്റി നല്ല തിട്ടമുള്ള എഴുത്തുകാരനെയാണ് നാം ഈ സമാഹാരത്തിലെ കഥകളില്‍ കണ്ടുമുട്ടുന്നത്. വായനയുടെ അനായാസവഴികളില്‍ സി വി ബാലകൃഷ്ണന്‍ എന്ന എഴുത്തുകാരനെ കണ്ടുമുട്ടാതെ നമുക്ക് കടന്നുപോകാനാവില്ല.