ഇതു കുറെ പ്രണയകവിതകളാണ്. പരസ്പരവിരുദ്ധമായ അനുഭവങ്ങള്‍ ഇവിടെ കടന്നുവരുന്നു. സ്‌നേഹവും ഹിംസയും ഒരേസമയം ഇതില്‍ അന്തര്‍ല്ലീനമായിരിക്കുന്നു. സ്‌നേഹിച്ചുകൊണ്ടേയിരിക്കുമ്പോള്‍ വെറുപ്പിന്റെ, വെറുത്തുകൊണ്ടേയിരിക്കുമ്പോള്‍ സ്‌നേഹത്തിന്റെ ഉള്ളടക്കം എങ്ങനെ കടന്നുവരുന്നുവെന്നൊരു പിടിയുമില്ല.
ഇതു കുറെ പ്രണയകവിതകളാണ്. പരസ്പരവിരുദ്ധമായ അനുഭവങ്ങള്‍ ഇവിടെ കടന്നുവരുന്നു. സ്‌നേഹവും ഹിംസയും ഒരേസമയം ഇതില്‍ അന്തര്‍ല്ലീനമായിരിക്കുന്നു. സ്‌നേഹിച്ചുകൊണ്ടേയിരിക്കുമ്പോള്‍ വെറുപ്പിന്റെ, വെറുത്തുകൊണ്ടേയിരിക്കുമ്പോള്‍ സ്‌നേഹത്തിന്റെ ഉള്ളടക്കം എങ്ങനെ കടന്നുവരുന്നുവെന്നൊരു പിടിയുമില്ല. പ്രണയം ചിലപ്പോള്‍ ഒരു വ്യക്തിയോടുപോലുമുള്ളതല്ല. മടുപ്പിന്റെ ഒടുങ്ങാത്ത ഉളുമ്പു നാറ്റത്തില്‍ നിന്നൊരു മോചനത്തിന്റെ ദാഹമാവാം അതില്‍ നിറയുന്നത്. ഇത് ഒരു വ്യക്തിയെ ആന്തരികമായി അലയാന്‍ വിധിക്കുന്നു. തന്നെത്തന്നെ അതു പലരിലും തിരയുന്നുണ്ടാവാം. എന്നാല്‍, അതൊരിക്കലും സഫലമാവുന്നില്ല. ആ പ്രണയദാഹം ഒരാളെ പാട്ടുകെട്ടിക്കുന്നു. ആ പാട്ട് സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കി ഭാവന ചെയ്യുന്നു. അതില്‍ ചില ചിരികള്‍ വസന്തം തീര്‍ക്കുന്നു. ചില ഗന്ധങ്ങള്‍ മദിപ്പിക്കുന്നു. ചില വാക്കുകള്‍ പ്രതീക്ഷയാകുന്നു. കാത്തിരിപ്പുകള്‍ ഉണ്ടാവുകയും ഉന്മാദങ്ങള്‍ പിറക്കുകയും ചെയ്യുന്നു. മിക്കപ്പോഴും അതൊന്നും പരിധിയില്ലാത്ത പ്രണയത്തിന്റെ വാഗ്ദാനം പോലുമാവുന്നില്ല. നിസ്സഹായതയും നിരാശയും ആത്മനിന്ദയും ജീവിതത്തെ പിടിച്ചുലയ്ക്കുന്നു. സംഘര്‍ഷം മിച്ചം കിട്ടാത്ത ജീവിതത്തെ പ്രവചിക്കുന്നു. മടുപ്പ് കുമിഞ്ഞുകൂടുന്നു, പിന്നെയും. ഈ മടുപ്പ് വ്യവസ്ഥയോടുള്ളതാകാം. അതില്‍ സര്‍ഗ്ഗാത്മകതയ്ക്കിടമില്ലാത്ത ഭീകരകാലാവസ്ഥയോടുള്ള കലാപം സന്നിഹിതമാണ്. വിറളിപിടിച്ച വ്യവസ്ഥയെ അത് ചോദ്യംചെയ്യുന്നു. അങ്ങനെ അതിനൊരു രാഷ്ട്രീയമാനം കൈവരുന്നു. പ്രണയം അതിന്റെ വൈരുദ്ധ്യങ്ങളില്‍നിന്ന് സര്‍ഗ്ഗാത്മകതയുടെ പതാക വഹിക്കുന്നു. പ്രണയം ആഘോഷിക്കപ്പെടേണ്ടത് ഒരനിവാര്യതയായിത്തീരുന്നു.