മലയാള സിനിമാലോകത്തിനു നല്കിയ ഉജ്ജ്വലമായ ഉപഹാരമാണ് അടൂര്‍ഗോപാലകൃഷ്ണന്‍. പത്മവിഭൂഷണും ഫാല്‍ക്കേ അവാര്‍ഡും നല്കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചിരിക്കുന്നു. പന്ത്രണ്ട് ചിത്രങ്ങള്‍കൊണ്ട് ലോകത്തെങ്ങുമുള്ള ചലച്ചിത്രാസ്വാദകരുടെ ശ്രദ്ധപിടിച്ചുവാങ്ങിയ കലാകാരനാണദ്ദേഹം.
മലയാളസിനിമയ്ക്ക് ആഗോളതലത്തില്‍ ഇടം നേടിക്കൊടുത്ത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ചലച്ചിത്രങ്ങളോരോന്നും കാലത്തിന്റെ അടയാളമുദ്രകളാണ്. സ്വയംവരം മുതല്‍ പിന്നെയും വരെ എണ്ണം പറഞ്ഞ ചലച്ചിത്രങ്ങള്‍, മലയാളിയുടെയും മലയാളസിനിമയുടെയും കാഴ്ചാശീലങ്ങളില്‍, ആഴത്തിലുള്ള പരിവര്‍ത്തനങ്ങള്‍ സാദ്ധ്യമാക്കിയവയാണ്. മലയാളസിനിമയുടെ രാജശില്പി എന്ന നിലയില്‍ അടയാളപ്പെടുത്തപ്പെട്ട അടൂരിന്റെ ചലച്ചിത്രങ്ങള്‍ ഓരോന്നും മലയാളിയുടെ സ്വത്വാന്വേഷണങ്ങള്‍ തന്നെയായിരുന്നു. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകന്‍, നവസിനിമയുടെ അടിത്തറയൊരുക്കിയ പ്രതിഭ എന്നീ നിലകളില്‍ ലബ്ധ പ്രതിഷ്ഠനായ അടൂരിന്റെ ചലച്ചിത്രയാത്രകളെ ആഴത്തില്‍ അടയാളപ്പെടുത്തുന്ന ഗ്രന്ഥമാണ് അടൂരിന്റെ ചലച്ചിത്രയാത്രകള്‍.