കേരള നവോത്ഥാന ചരിത്രത്തില്‍ ജ്വലിക്കുന്ന അധ്യായം രചിച്ച സാമൂഹ്യ പരിഷ്‌കര്‍ത്താവാണ് വി ടി ഭട്ടതിരിപ്പാട്. കുടുമയും പൂണൂലും മനുഷ്യമനസുകളില്‍ അന്ധകാരം നിറച്ചപ്പോള്‍, സ്ത്രീകളെ അകത്തളങ്ങളിലും അടുക്കളയിലും തളച്ചിട്ടപ്പോള്‍ അതിനെതിരെ ഉയര്‍ന്ന ധീരശബ്ദമായിരുന്നു വി ടി. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് കുതിക്കാന്‍ ആഹ്വാനം ചെയ്യുക മാത്രമല്ല സമുദായത്തിന്റെ അടിമുടിയുള്ള പരിഷ്‌കരണങ്ങള്‍ക്കാവശ്യമായ നിരവധി പ്രയോഗ മാതൃകകള്‍ വി ടി തുറന്നിട്ടു.
പഴയ തെക്കെ മലബാറിലെ പൊന്നാനി താലൂക്കില്‍ തൃത്താല ഗ്രാമത്തിലെ വെള്ളിത്തിരുത്തി താഴത്തു മനയില്‍, 1896 മാര്‍ച്ച് 26 നാണ് വി ടി ഭട്ടതിരിപ്പാട് ജനിച്ചത്. വി ടി രാമന്‍ എന്നാണ് യഥാര്‍ഥ പേര്. പിതാവ്: വി ടി എം തുപ്പന്‍ ഭട്ടതിരിപ്പാട്, മാതാവ്: കിടങ്ങൂര്‍ കൈപ്പള്ളി ഇല്ലത്ത് ശ്രീദേവി അന്തര്‍ജനം. വി ടിയുടെ പിതാവിന് നാല് വേളികളിലായി ഏഴ് മക്കള്‍ ഉണ്ടായിരുന്നു. കേസിലും സ്വത്തുതര്‍ക്കങ്ങളിലുംപെട്ട് ഇല്ലം സാമ്പത്തികമായി ക്ഷയിച്ചു. കര്‍ക്കശക്കാരനായിരുന്ന പിതാവിന്റെ കടുത്ത ശിക്ഷണത്തിലാണ് വി ടി വളര്‍ന്നുവന്നത്. മുത്തച്ഛന്റെ മൂന്നാം വേളിയായ കുട്ടി മുത്തശ്ശിയമ്മയായിരുന്നു കൊച്ചു വി ടിയുടെ ഏക ആശ്വാസം. അവര്‍ ധാരാളം കഥകള്‍ ആ ബാലന് പറഞ്ഞുകൊടുക്കുമായിരുന്നു. അങ്ങനെ കഥകളും വേദപഠനവും മറ്റ് ആചാരാനുഷ്ഠാനങ്ങളുമൊക്കെയായി വി ടിയുടെ ബാല്യകാലം സംഭവബഹുലമായിരുന്നു. ആറാം വയസില്‍ ഉപനയനം, ഒമ്പതാം വയസില്‍ സമാവര്‍ത്തനം. മകന്‍ ഒരു വൈദികനാകണമെന്നായിരുന്നു വി ടി യുടെ പിതാവിന്റെ ആഗ്രഹം. അതിനായി വി ടിയെ മേലേടത്ത് നമ്പൂതിരിയുടെ കീഴില്‍ വേദപഠനത്തിനയച്ചു. സാമൂഹിക പരിഷ്‌കരണ ബോധം വി ടി യുടെ മനസില്‍ വേരോടുന്നത് ഇക്കാലത്താണ്. മേലേടത്ത് നമ്പൂതിരിയെത്തുടര്‍ന്ന് മുതുകുറുശ്ശി കുഞ്ചുണ്ണി നമ്പൂതിരിപ്പാടായിരുന്നു വി ടി യുടെ ഗുരുനാഥന്‍.
തന്റെ പതിനേഴാം വയസില്‍ വി ടി ഷൊര്‍ണൂരിനടുത്തുള്ള മുണ്ടമുക ശാസ്താം കോവിലില്‍ ശാന്തിക്കാരനായി ചേര്‍ന്നു. ഈ കാലത്താണ് ഒരു തിയ്യാടി പെണ്‍കുട്ടി തന്റെ പാഠപുസ്തകത്തിലെ ഒരു സംശയം ചോദിച്ച് വി ടിയെ സമീപിക്കുന്നത്. തനിക്ക് അക്ഷരാഭ്യാസമില്ലെന്ന ഞെട്ടിക്കുന്ന സത്യം അദ്ദേഹം സ്വയം തിരിച്ചറിഞ്ഞ സംഭവമായിരുന്നു അത്. ആ കുട്ടിയുടെ ശിഷ്യത്വം സ്വീകരിച്ച് അക്ഷരം പഠിക്കാന്‍ തന്നെ വി ടി തീരുമാനിച്ചു.
'മാന്‍മാര്‍ക്ക് കുട' എന്ന് കൂട്ടി വായിച്ചപ്പോള്‍ ഉണ്ടായ സന്തോഷത്തെപ്പറ്റി വി ടി എഴുതിയിട്ടുണ്ട്. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്റെ സഹായത്തോടെ ഇംഗ്ലീഷും അഭ്യസിച്ചു. 1918 ല്‍ വി ടി ഭട്ടതിരിപ്പാട് പെരിന്തല്‍മണ്ണ ഹൈസ്‌കൂളില്‍ ഫസ്റ്റ് ഫോറത്തിന് ചേര്‍ന്നു. പഠനത്തില്‍ മിടുക്കനായിരുന്ന അദ്ദേഹത്തിന് ഇരട്ട പ്രമോഷന്‍ നേടാനായി. തേഡ് ഫോറത്തില്‍ പഠിക്കുമ്പോള്‍ പനി ബാധിച്ചതിനെത്തുടര്‍ന്ന് പരീക്ഷ എഴുതാനായില്ല. അങ്ങനെ മെട്രിക്കുലേഷന്‍ പാസാകുക എന്ന മോഹം അദ്ദേഹത്തിന് സാക്ഷാല്‍ക്കരിക്കാനായില്ല. 1921 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അലഹബാദ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ വി ടി ക്ക് സമുദായ ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ടു.
പിന്നീട് തൃത്താലയില്‍ ആരംഭിച്ച 'വിദ്യാവിലാസിനി' സംസ്‌കൃത പാഠശാലയില്‍ ചേര്‍ന്ന് കണക്കും മലയാളവും പഠിച്ചു. അവിടെ വെച്ച് പരിചയപ്പെട്ട ശിഷ്യ മാധവിക്കുട്ടി വാരസ്യാരെ വി ടി വിവാഹം കഴിച്ചു.
1919 ല്‍ കപ്ലിങ്ങാട് നാരായണന്‍ നമ്പൂതിരി മാനേജിങ് ഡയറക്ടറായി ആരംഭിച്ച യോഗക്ഷേമം കമ്പനിയില്‍ ക്ലാര്‍ക്കായി വി ടി ക്ക് ജോലി ലഭിച്ചു. പന്ത്രണ്ടു രൂപയായിരുന്നു ശമ്പളം. ആ ജോലിക്കുശേഷം, മംഗളോദയത്തില്‍ പ്രൂഫ് റീഡറായി ചേര്‍ന്നു. അക്കാലത്ത് വി ടി മംഗളോദയത്തില്‍ ചെറുകഥകളും ലേഖനങ്ങളുമൊക്കെ എഴുതുമായിരുന്നു.
1919 ല്‍ നമ്പൂതിരി യുവജനസംഘം രൂപീകരിക്കപ്പെട്ടു. ഉണ്ണിനമ്പൂതിരി, പാശുപതം തുടങ്ങിയ പത്രങ്ങള്‍ വി ടി യുടെ നേതൃത്വത്തില്‍ ആരംഭിച്ചു.
1929 ഡിസംബര്‍ 24 ന് ഇടക്കുന്നിയില്‍ നടന്ന യുവജനസംഘം പതിനൊന്നാം വാര്‍ഷികത്തിലാണ് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ ഇടം പിടിച്ച വി ടി യുടെ വിഖ്യാത നാടകം അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് അവതരിപ്പിക്കുന്നത്. സമുദായത്തെ ഇളക്കിമറിച്ച നാടകം. ഒരു മാസത്തിനകം നാടകം പുസ്തകരൂപത്തില്‍ പുറത്തുവന്നു. നല്ല സ്വീകരണമാണ് പുസ്തകത്തിന് ലഭിച്ചത്.
1930 ല്‍ യുജവനസംഘത്തിന്റെ കാര്യദര്‍ശിയായി വി ടി തെരഞ്ഞെടുക്കപ്പെട്ടു. സമുദായ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളോടൊപ്പം അയിത്തോച്ചാടനം, ദേശീയ പ്രസ്ഥാനം എന്നിവയിലും വി ടി പങ്കെടുത്തു. ഐ സി പി നമ്പൂതിരിയുടെ സഹോദരി ശ്രീദേവി അന്തര്‍ജനത്തെ വിവാഹം കഴിച്ചുകൊണ്ട് വി ടി ഭട്ടതിരിപ്പാട് 'സംബന്ധം' എന്ന അനാചാരത്തിനെതിരെ പ്രതികരിച്ചു.
ക്ഷേത്രങ്ങളില്‍ അവര്‍ണര്‍ക്ക് പ്രവേശനം നല്‍കാനുള്ള പോരാട്ടത്തില്‍ വി ടി സജീവമായി പങ്കെടുത്തു. ഗുരുവായൂര്‍ ക്ഷേത്രപ്രവേശനത്തിനായി നടന്ന സമരപ്രക്ഷോഭങ്ങളില്‍ വി ടി യുടെ സാന്നിധ്യമുണ്ടായിരുന്നു.
വി ടി യുടെ ആത്മകഥയായ കണ്ണീരും കിനാവും മലയാള സാഹിത്യത്തിലെ എക്കാലത്തെയും മികച്ച രചനയാണ്. 1972 ല്‍ കണ്ണീരും കിനാവും എന്ന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 1978 ല്‍ വി ടി ഭട്ടതിരിപ്പാടിന് കേരള സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ചു. 1982 ഫെബ്രുവരി 12 ന് വി ടി ഭട്ടതിരിപ്പാട് എന്ന സാമൂഹ്യ വിപ്ലവകാരി അന്തരിച്ചു. വി ടി ഭട്ടതിരിപ്പാടിന്റെ കൃതികള്‍: അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്, കരിഞ്ചന്ത, കണ്ണീരും കിനാവും, രജനീരംഗം, പോംവഴി, സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു, വെടിവട്ടം, കാലത്തിന്റെ സാക്ഷി, വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും, വി ടിയുടെ ഉപന്യാസങ്ങള്‍, എന്റെ മണ്ണ്, വി ടിയുടെ കഥകള്‍, വി ടിയുടെ ജീവിതസ്മരണകള്‍, കര്‍മവിപാകം, വി ടി യുടെ സമ്പൂര്‍ണകൃതികള്‍.