പ്രശാന്ത് നാരായണൻ ( 1972-2023 )
തിരുവനന്തപുരം ജില്ലയില്‍ വെള്ളായണിയില്‍ 1972 ജൂലൈ 16 ന് ജനനം. അച്ഛന്‍: കഥകളി സാഹിത്യകാരന്‍ വെള്ളായണി നാരായണന്‍നായര്‍. അമ്മ: കെ ശാന്തകുമാരി അമ്മ. തിരുവനന്തപുരം സെന്റ് ജോസഫ് ഹൈസ്‌കൂള്‍, ഇരിങ്ങോള്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
കോളമിസ്റ്റ്, അദ്ധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, നടന്‍, നാടകരചയിതാവ്, സംവിധായകന്‍, ആട്ടക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനാണ്. പതിനേഴാം വയസ്സില്‍ ഭാരതാന്തം ആട്ടക്കഥയെഴുതി ചിട്ടപ്പെടുത്തി. തൊപ്പിക്കാരന്‍, അരചചരിതം, ബലൂണുകള്‍, ജനാലയ്ക്കപ്പുറം, വജ്രമുഖന്‍, മണികര്‍ണ്ണിക, ഛായാമുഖി, മകരദ്ധ്വജന്‍, ചിത്രലേഖ, കറ തുടങ്ങി മുപ്പതോളം നാടകങ്ങള്‍ എഴുതിയിട്ടുണ്ട്. ടാഗോറിന്റെ തപാലാഫീസ്, ഷേക്‌സ്പിയറിന്റെ ഹാംലെറ്റ്, ഭാസമഹാകവിയുടെ ഊരുഭംഗം, ദൂതഘടോത്കചം, സ്വപ്നവാസവദത്തം (കര്‍ണ്ണാടക സര്‍ക്കാരിന്റെ ക്ഷണപ്രകാരം ധാര്‍വാഡ്രംഗായണയ്ക്കുവേണ്ടി), എം ടി വാസുദേവന്‍ നായരുടെ ജീവിതവും കൃതികളും കോര്‍ത്തിണക്കി ദേശാഭിമാനി പത്രത്തിനുവേണ്ടി മഹാസാഗരം തുടങ്ങിയവ പ്രധാന സംവിധാന സംരംഭങ്ങള്‍.
2004 ല്‍ സംഗീതനാടക അക്കാദമിയുടെ മികച്ച നാടകരചനയ്ക്കുള്ള പുരസ്‌കാരം, 2011 ല്‍ ദുര്‍ഗ്ഗാദത്തപുരസ്‌കാരം, 2015 ല്‍ എ പി കളയ്ക്കാട് പുരസ്‌കാരം, 2016 ല്‍ അബുദാബി ശക്തി അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ച കൃതികള്‍ ഛായാമുഖി, ഭാരതാന്തം ആട്ടക്കഥ. 2023 ഡിസംബർ 28 ന് അന്തരിച്ചു