ഡോ. പുതുശ്ശേരി രാമചന്ദ്രന്‍

മാവേലിക്കര താലൂക്കിലെ വള്ളികുന്നത്ത് 1928 സെപ്തംബര്‍ 23 ന് ജനിച്ചു. അച്ഛന്‍: പോക്കാട്ട് ദാമോദരന്‍ പിള്ള. അമ്മ: പുതുശ്ശേരില്‍ ജാനകിയമ്മ. മണക്കാട് പ്രൈമറിസ്‌കൂള്‍, വട്ടയ്ക്കാട്ട് ഗവ. യു പി സ്‌കൂള്‍, വള്ളികുന്നം എസ് എന്‍ ഡി പി സംസ്‌കൃത ഹൈസ്‌കൂള്‍, ഭരണിക്കാവ് പോപ്പ് പയസ് ഇലവന്‍ത് ഇംഗ്ലീഷ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ച് സംസ്‌കൃതം ശാസ്ത്രി, ഇ എസ് എല്‍ സി പരീക്ഷകള്‍ പാസായി. ക്വിറ്റ് ഇന്ത്യാ സമരം, പുന്നപ്ര-വയലാര്‍ സംഭവത്തെത്തുടര്‍ന്നുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭം എന്നിവയില്‍ പങ്കെടുത്തതിന് സ്‌കൂളുകളില്‍ നിന്ന് പുറത്താക്കി. പിന്നീട് തിരിച്ചെടുത്തു. കൊല്ലം എസ് എന്‍ കോളേജ് വിദ്യാഭ്യാസകാലത്തെ സമരത്തില്‍ അറസ്റ്റും ലോക്കപ്പ് വാസവും അനുഭവിച്ചു. 1951-53 കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വള്ളികുന്നം-ശൂരനാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി. 1953-56 കാലത്ത് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിച്ച് ബി എ (ഓണേഴ്‌സ്) ഒന്നാം റാങ്കില്‍ വിജയിച്ചു. 1957 ല്‍ കൊല്ലം എസ് എന്‍ കോളേജില്‍ അദ്ധ്യാപകനായി. 1967-69 കാലത്ത് വര്‍ക്കല ശിവഗിരി എസ് എന്‍ കോളേജില്‍. 1969 ല്‍ കേരള സര്‍വ്വകലാശാല മലയാള വിഭാഗത്തില്‍ ലക്ചറര്‍ ആയി. 1988 ല്‍ പ്രൊഫസറും പൗരസ്ത്യ ഭാഷാ ഫാക്കല്‍റ്റി ഡീനും ആയിരിക്കെ റിട്ടയര്‍ ചെയ്തു. 1976-80 കാലത്ത് സിന്‍ഡിക്കേറ്റ് അംഗമായിരുന്നു. ആദ്യത്തെ അഖിലേന്ത്യാ ദ്രാവിഡ ഭാഷാശാസ്ത്രസമ്മേളനത്തിന്റെ സംഘാടക സെക്രട്ടറി (1971), ലോക മലയാള സമ്മേളനത്തിന്റെ ജനറല്‍ സെക്രട്ടറി (1977), എ കെ പി സി റ്റി എയുടെ ആദ്യകാലഭാരവാഹി, കേരള യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് ഫെഡറേഷന്റെ സ്ഥാപക പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സോവിയറ്റ് യൂണിയന്‍, യു എസ് എ, ഇംഗ്ലണ്ട്, പശ്ചിമ ജര്‍മ്മനി, ഫ്രാന്‍സ്, നെതര്‍ലന്റ്, വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവ സന്ദര്‍ശിച്ചിട്ടുണ്ട്. മോസ്‌കോ സര്‍വ്വകലാശാല, ലെനിന്‍ ഗ്രാഡ് യൂണിവേഴ്‌സിറ്റി, ടെക്‌സാസ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ വിസിറ്റിങ് പ്രൊഫസറായിരുന്നു. തിരുവനന്തപുരത്ത് ഡി എല്‍ എ സ്ഥാപിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ഇപ്പോള്‍ അവിടെ ഓണററി പ്രൊഫസര്‍. വിലാസം : ഗീത് എഫ്-5 ഇലങ്കം ഗാര്‍ഡന്‍സ് വെള്ളയമ്പലം, തിരുവനന്തപുരം -10
തിരഞ്ഞെടുപ്പുമായി പൊരുത്തപ്പെടുന്ന ഗ്രന്ഥങ്ങൾ ഞങ്ങൾക്ക് കണ്ടെത്താൻ കഴിയില്ല.