ഞങ്ങളേക്കുറിച്ച്

ചിന്ത പബ്ലിഷേഴ്‌സ് 1973 സെപ്റ്റംബര്‍ 23-ന് അഴീക്കോടന്‍ ദിനത്തിലാണ്‌ സ്ഥാപിതമായത്. 2022ല്‍- 50-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമാവുകയാണ്. മാര്‍ക്‌സിസം ഒരു പാഠപുസ്തകം എന്ന ഇ എം എസിന്റെ ആദ്യ കൃതിയില്‍ നിന്ന് 5000-ത്തിലധികം ടൈറ്റിലുകളോടുകൂടി മുന്‍നിര പ്രസാധകസ്ഥാപനമായി ചിന്ത വളരുകയുണ്ടായി. പ്രത്യയശാസ്ത്രം, രാഷ്ട്രീയം, ചരിത്രം, ദര്‍ശനം, സംസ്കാരികപഠനം എന്നിവയ്ക്ക പുറമേ നോവല്‍, ക്ലാസ്സിക്കുകള്‍, കഥ, കവിത, ബാലസാഹിത്യം, സിനിമ തുടങ്ങിയ മേഖലകളിലൊക്കെ നിരവധി പുസ്തകങ്ങളാണ് ചിന്ത ഇതിനകം പ്രസിദ്ധീകരിച്ചിട്ടുള്ളത്. .

വൈവിധ്യവല്‍ക്കരണത്തിലൂടെയും ആധുനികവല്‍ക്കരണത്തിലൂടെയും മലയാള പ്രസാധനലോകത്തിന്റെ മുഖ്യധാരയില്‍ ചിന്ത സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. വൈജ്ഞാനിക സാഹിത്യത്തിന്റെ അചുംബിത മേഖലകള്‍ മലയാളവായനക്കാര്‍ക്ക് അനുഭവവേദ്യമാക്കുന്നവയാണ് ചിന്തയുടെ പുതിയ സ്‌കീമുകള്‍. ആഗോളവല്‍ക്കരണ കാലത്തിന്റെ മുഖമുദ്രയായ കമ്പോളതന്ത്രങ്ങളോട് എതിരിട്ടുനില്‍ക്കാന്‍ മികവും ആധുനികവല്‍ക്കരണവും ക്രിയാത്മകമായ പുത്തനാശയങ്ങളും ചിന്തയെ സഹായിക്കുന്നു. 'പ്രതിബദ്ധതയോടൊപ്പം പ്രഫഷണലിസം' എന്നതാണ് ചിന്തയുടെ പുതിയ സമീപനം. വൈജ്ഞാനിക സാഹിത്യത്തിലും ബാലസാഹിത്യത്തിലും ചിന്ത നടത്തുന്ന ചുവടുവയ്പുകള്‍ അതു സാക്ഷ്യപ്പെടുത്തുന്നു.